നിറങ്ങളുടെ ഘോഷയാത്ര
പതിറ്റാണ്ടുകളായി ലണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ കോസ്‌മോപൊളിറ്റന്‍ നഗരങ്ങളിലൊന്നായിരുന്നു. 1933-ല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇംഗ്ലണ്ടിന്റെ മഹത്തായ തലസ്ഥാനത്തെക്കുറിച്ച് ഇപ്രകാരം എഴുതി, ''ജനങ്ങളുടെയും നിറങ്ങളുടെയും ഭാഷകളുടെയും ഘോഷയാത്രയാണ് ലണ്ടനെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യമെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു.'' ആഗോള സമൂഹത്തിന്റെ മിശ്രിത വാസനകളും ശബ്ദങ്ങളും കാഴ്ചകളും ഉള്ള ആ ''ഘോഷയാത്ര'' ഇന്നും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നിന്റെ ആശ്ചര്യകരമായ ആകര്‍ഷണീയതയുടെ ഭാഗമാണ് വൈവിധ്യത്തിന്റെ സൗന്ദര്യം.
എന്നിരുന്നാലും, മനുഷ്യര്‍ വസിക്കുന്ന ഏതൊരു നഗരത്തെയും പോലെ, ലണ്ടനും പ്രശ്‌നങ്ങളില്ലാത്തതല്ല. മാറ്റം വെല്ലുവിളികള്‍ കൊണ്ടുവരുന്നു. സംസ്‌കാരങ്ങള്‍ ചിലപ്പോള്‍ ഏറ്റുമുട്ടുന്നു. മനുഷ്യന്റെ കൈകൊണ്ട് നിര്‍മ്മിച്ച ഒരു നഗരത്തെയും നമ്മുടെ നിത്യഭവനത്തിന്റെ അതിശയവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതിന്റെ ഒരു കാരണം അതാണ്.
അപ്പൊസ്തലനായ യോഹന്നാന്‍ ദൈവസന്നിധിയില്‍ കയറിച്ചെന്നപ്പോള്‍, വൈവിധ്യം സ്വര്‍ഗ്ഗീയ ആരാധനയുടെ ഒരു ഘടകമാണെന്നു കണ്ടു, അതിനുദാഹരണമായിരുന്നു വീണ്ടെടുക്കപ്പെട്ടവരുടെ പാട്ട്: ''പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിക്കുവാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:9-10).
സ്വര്‍ഗ്ഗത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക: ജീവനുള്ള ദൈവത്തിന്റെ മക്കളെന്ന അത്ഭുതത്തെ ആഘോഷിക്കുന്ന ലോകത്തിലെ എല്ലാ ആളുകളുടെയും ഒരുമിച്ചുള്ള ഘോഷയാത്ര! യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, ഇന്ന് നമുക്ക് ആ വൈവിധ്യം ആഘോഷിക്കാം.
അവസരം മുതലെടുക്കുന്നില്ല
നിരവധി തടവുകാര്‍ തങ്ങളുടെ ജയില്‍ സമയം കുറയ്ക്കുന്നതിനായി റോഡരികിലെ മാലിന്യം ശേഖരിച്ചുകൊണ്ടിരുന്ന സമയത്താണ് സൂപ്പര്‍വൈസര്‍ ജെയിംസ് കുഴഞ്ഞുവീണത്. അവര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തി, അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം ആവശ്യമുണ്ടെന്ന് അവര്‍ക്കു മനസ്സിലായി. ഒരു അന്തേവാസി സഹായത്തിനായി വിളിക്കാന്‍ ജെയിംസിന്റെ ഫോണ്‍ എടുത്തു. തങ്ങളുടെ സൂപ്പര്‍വൈസര്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ സഹായിച്ചതിന് തടവുകാര്‍ക്ക് പോലീസ് പിന്നീട് നന്ദി പറഞ്ഞു. അവര്‍ക്കു വേണമെങ്കില്‍ അദ്ദേഹത്തെ അവഗണിക്കാമായിരുന്നു - അദ്ദേഹത്തിന് ഹൃദയാഘാതം ആണു സംഭവിച്ചത്. അവര്‍ അവഗണിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാനായി ആ സാഹചര്യം ഉപയോഗിക്കാമായിരുന്നു.
തടവുകാരുടെ ദയാപ്രവൃത്തി പൗലൊസും ശീലാസും ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അവര്‍ കാണിച്ചതിനെക്കാള്‍ വ്യത്യസ്തമായിരുന്നില്ല. അവരുടെ വസ്ത്രം പറിച്ചുരിയുകയും അവരെ അടിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ശേഷം, ഉണ്ടായ ഒരു ശക്തമായ ഭൂകമ്പംമൂലം അവരുടെ ചങ്ങലകള്‍ അഴിഞ്ഞുവീഴുകയും കാരാഗൃഹത്തിന്റെ വാതിലുകള്‍ ഇളകിവീഴുകയും ചെയ്തു (പ്രവൃ. 16:23-26). ജയിലര്‍ ഉറക്കമുണര്‍ന്നപ്പോള്‍ തടവുകാര്‍ ഓടിപ്പോയി എന്ന് അദ്ദേഹം സ്വാഭാവികമായും അനുമാനിച്ചു, അതിനാല്‍ അദ്ദേഹം സ്വന്തം ജീവന്‍ തന്നെ എടുക്കാന്‍ തയ്യാറായി (അവര്‍ രക്ഷപ്പെട്ടാല്‍ തനിക്കു ലഭിക്കാന്‍ പോകുന്ന ശിക്ഷ എന്തായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു). ''ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ട്'' എന്ന് പൗലൊസ് വിളിച്ചുപറഞ്ഞപ്പോള്‍ (വാ. 28) തടവുകാരില്‍ സാധാരണയായി കാണാത്ത രീതിയിലുള്ള അവരുടെ പ്രവൃത്തി കാരാഗൃഹപ്രമാണിയുടെ ഹൃദയത്തെ സ്പര്‍ശിച്ചു. അവര്‍ ആരാധിക്കുന്ന ദൈവത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസുവാകുകയും ഒടുവില്‍ അവനും കര്‍ത്താവില്‍ വിശ്വസിക്കാന്‍ ഇടയാകുകയും ചെയ്തു (വാ. 29-34).
മറ്റുള്ളവരോട് നാം പെരുമാറുന്ന രീതി നാം എന്തു വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്നതു വെളിപ്പെടുത്തുന്നു. ഉപദ്രവത്തിനുപകരം നന്മ ചെയ്യുന്നതു നാം തിരഞ്ഞെടുക്കുമ്പോള്‍, നമ്മുടെ പ്രവൃത്തികള്‍, നാം അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കാം.
പുതിയ ജീവിതത്തിന്റെ ഭോഷത്ത പാത
ചില കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതുവരെ ബോധ്യം വരണമെന്നില്ല. ഞാന്‍ എന്റെ ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍, പ്രസവത്തെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ഡസന്‍ കണക്കിന് സ്ത്രീകള്‍ അവരുടെ പ്രസവവേദനയുടെയും പ്രസവത്തിന്റെയും കഥകള്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ ആ അനുഭവം എങ്ങനെയായിരുന്നെന്ന് എനിക്ക് ഇപ്പോഴും സങ്കല്പിക്കാനാവില്ല. എന്റെ ശരീരം ചെയ്യാന്‍പോകുന്ന കാര്യം അസാദ്ധ്യമായ ഒന്നായി തോന്നി!
കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ പൗലൊസ് എഴുതുന്നു, ദൈവരാജ്യത്തിലേക്കുള്ള ജനനം, ക്രിസ്തുവിലൂടെ ദൈവം നമുക്കു നല്‍കുന്ന രക്ഷ, അത് അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് സമാനമായ നിലയില്‍ മനസ്സിലാക്കാന്‍ കഴിയാത്തതായി തോന്നുന്നു. രക്ഷ ഒരു ക്രൂശിലൂടെ - ബലഹീനത, തോല്‍വി, അപമാനം എന്നിവയാല്‍ അടയാളപ്പെടുത്തിയ മരണത്തിലൂടെ - ലഭ്യമാണെന്ന് പറയുന്നത് ''ഭോഷത്തം'' ആണെന്ന് തോന്നും. എന്നിട്ടും ഈ ''ഭോഷത്തമാണ്'' പൗലൊസ് പ്രസംഗിച്ച രക്ഷ!
ഇത് എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ച രീതിയിലായിരുന്നില്ല അത്. ശക്തനായ ഒരു രാഷ്ട്രീയ നേതാവിലൂടെയോ അത്ഭുതകരമായ ഒരു അടയാളത്തിലൂടെയോ രക്ഷ ലഭിക്കുമെന്ന് ചിലര്‍ കരുതി. മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം അക്കാദമിക് അല്ലെങ്കില്‍ ദാര്‍ശനിക നേട്ടങ്ങള്‍ തങ്ങളുടെ രക്ഷയായിരിക്കുമെന്ന് കരുതി (1 കൊരിന്ത്യര്‍ 1:22). എന്നാല്‍ വിശ്വസിച്ചവര്‍ക്കും അനുഭവിച്ചവര്‍ക്കും മാത്രം അര്‍ത്ഥവത്താകുന്ന വിധത്തില്‍ രക്ഷ കൊണ്ടുവന്ന് ദൈവം എല്ലാവരെയും അത്ഭുതപ്പെടുത്തി .
ദൈവം ലജ്ജാകരവും ദുര്‍ബലവുമായ ഒന്ന് എടുത്ത് - ക്രൂശിലെ മരണം - അതിനെ ജ്ഞാനത്തിന്റെയും ശക്തിയുടെയും അടിത്തറയാക്കി. സങ്കല്‍പ്പിക്കാനാവാത്തത് ദൈവം ചെയ്യുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ അവന്‍ ലോകത്തിലെ ദുര്‍ബലവും ഭോഷത്തവുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നു (വാ. 27).
അവന്റെ ആശ്ചര്യകരവും ആശയക്കുഴപ്പത്തിലാക്കുന്നതുമായ വഴികള്‍ എല്ലായ്‌പ്പോഴും മികച്ച വഴികളാണ്.
പരാജയത്തില്‍ ഒരു സ്‌നേഹിതന്‍
1939 നവംബര്‍ 27 ന് അമേരിക്കയിലെ പ്രശസ്തമായ സിനിമാ നിര്‍മ്മാണ മേഖലയായ 'ഹോളിവുഡിനു' പുറത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ മൂന്ന് നിധി വേട്ടക്കാര്‍ കുഴിക്കാനാരംഭിച്ചു. അതു ചിത്രീകരിക്കാനായി ഒരു ഫിലിം ക്രൂവും ഒപ്പമുണ്ടായിരുന്നു. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ കുഴിച്ചിട്ടതായി അഭ്യൂഹമുണ്ടായിരുന്ന സ്വര്‍ണം, വജ്രം, പവിഴം എന്നിവ അടങ്ങിയ നിധി അന്വേഷിക്കുകയായിരുന്നു അവര്‍.
അവര്‍ ഒരിക്കലും അതു കണ്ടെത്തിയില്ല. ഇരുപത്തിനാല് ദിവസം കുഴിച്ചതിനുശേഷം അവര്‍ ഒരു പാറക്കല്ലില്‍ തട്ടി നിര്‍ത്തി. അവര്‍ ആകെ നേടിയത് ഒന്‍പത് അടി വീതിയും നാല്‍പ്പത്തിരണ്ട് അടി ആഴവുമുള്ള ഒരു കുഴി മാത്രമായിരുന്നു. അവര്‍ നിരാശരായി മടങ്ങി.
തെറ്റ് സംഭവിക്കുന്നത് മാനുഷികമാണ് - നാമെല്ലാവരും ചിലപ്പോള്‍ പരാജയപ്പെടുന്നു. ചെറുപ്പക്കാരനായ മര്‍ക്കൊസ് ഒരു മിഷനറി യാത്രയില്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും വിട്ടുപോയതായും ''അവരോടൊപ്പം പ്രവൃത്തിക്കു വരാതിരുന്നതായും'' തിരുവെഴുത്ത് പറയുന്നു. ഇക്കാരണത്താല്‍, തന്റെ അടുത്ത യാത്രയില്‍ ''അവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല'' എന്നു പൗലൊസ് കരുതി (പ്രവൃത്തികള്‍ 15:38). ഇത് ബര്‍ന്നബാസുമായി കടുത്ത വിയോജിപ്പിന് കാരണമായി. തന്റെ പ്രാരംഭ പരാജയങ്ങള്‍ക്കിടയിലും, മര്‍ക്കൊസ് വര്‍ഷങ്ങള്‍ക്കുശേഷം അത്ഭുതകരമായ രീതിയില്‍ രംഗത്തുവരുന്നു. ജീവിതാവസാനം പൗലൊസ് ഏകാന്തതയിലും ജയിലിലും ആയിരുന്നപ്പോള്‍, 'മര്‍ക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക'' (2 തിമൊഥെയൊസ് 4:11) എന്ന് തിമൊഥെയൊസിന് എഴുതുകയും ചെയ്തു. അവന്റെ പേര് വഹിക്കുന്ന സുവിശേഷം എഴുതാന്‍ ദൈവം മര്‍ക്കൊസിനെ പ്രേരിപ്പിച്ചു.
നമ്മുടെ തെറ്റുകളും പരാജയങ്ങളും നാം തനിയെ അഭിമുഖീകരിക്കാന്‍ ദൈവം നമ്മെ വിടുകയില്ലെന്ന് മര്‍ക്കൊസിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. എല്ലാ തെറ്റുകളേക്കാളും വലിയ ഒരു സ്‌നേഹിതന്‍ നമുക്കുണ്ട്. നാം നമ്മുടെ രക്ഷകനെ പിന്തുടരുമ്പോള്‍ നമുക്ക് ആവശ്യമായ സഹായവും ശക്തിയും അവന്‍ നമുക്കു നല്‍കും.
പ്രാര്‍ത്ഥന മുട്ടകള്‍
എന്റെ അടുക്കള ജാലകത്തിന് തൊട്ടപ്പുറത്ത്, നടുമുറ്റത്തിന്റെ മേല്‍ക്കൂരക്കു താഴെയായി ഒരു പ്രാവ് അവളുടെ കൂടു നിര്‍മ്മിച്ചു. അവള്‍ പുല്ലുകള്‍ ചുണ്ടിലൊതുക്കി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും മുട്ടകള്‍ ഇട്ട് അടയിരിക്കുന്നതും ഞാന്‍ താല്‍പ്പര്യത്തോടെ വീക്ഷിച്ചു. ഓരോ പ്രഭാതത്തിലും ഞാന്‍ അവളുടെ പുരോഗതി പരിശോധിച്ചു; എന്നാല്‍ ഓരോ പ്രഭാതത്തിലും അവിടെ ഒന്നും സംഭവിച്ചില്ല. പ്രാവിന്‍ മുട്ട വിരിയാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും.
അത്തരം അക്ഷമ എനിക്ക് പുതിയതല്ല. കാത്തിരിപ്പ് വേളകളില്‍, പ്രത്യേകിച്ച് പ്രാര്‍ത്ഥനയില്‍, ഞാന്‍ എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുന്നു. ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ ദത്തെടുക്കാന്‍ ഞാനും ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം കാത്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുത്തുകാരിയായ കാതറിന്‍ മാര്‍ഷല്‍ എഴുതി, ''മുട്ടകള്‍ പോലെ പ്രാര്‍ത്ഥനകളും അവ ഇട്ടാലുടനെ വിരിയുകയില്ല.'
ഹബക്കൂക്് പ്രവാചകന്‍ പ്രാര്‍ത്ഥനയില്‍ പോരാടി കാത്തിരുന്നു. ദക്ഷിണ രാജ്യമായ യെഹൂദയ്‌ക്കെതിരായി ബാബിലോണിന്റെ ക്രൂരമായ ദുഷ്‌പെരുമാറ്റത്തിന്മേലുള്ള ദൈവത്തിന്റെ മൌനം ഹബക്കൂക്കിനെ അസ്വസ്ഥപ്പെടുത്തിയെങ്കിലും 'അവന്‍ എന്നോട് എന്തരുളിച്ചെയ്യും... എന്നു കാണേണ്ടതിനു' ദൃഷ്ടിവച്ചുകൊണ്ട് 'ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍ കാത്തുകൊണ്ട്' കാത്തിരിക്കും എന്നു ഹബക്കൂക് പറഞ്ഞു (ഹബക്കൂക് 2:1). ദൈവം നിശ്ചയിച്ച് അവധിക്കായി' ഹബക്കൂക് കാത്തിരിക്കണമെന്നും ദൈവം പറഞ്ഞു (വാ. 3). കൂടാതെ ദര്‍ശനം നിവര്‍ത്തിയായാലുടന്‍ അതു പ്രചരിപ്പിക്കാന്‍ കഴിയേണ്ടതിന് 'ദര്‍ശനം എഴുതിവയ്ക്കാന്‍'' ദൈവം നിര്‍ദ്ദേശിക്കുന്നു (വാ. 2).
ബാബിലോണിന്റെ പതനത്തിനായി ദൈവം നിശ്ചയിച്ച സമയം ആറു പതിറ്റാണ്ടുകള്‍ അകലെയാണെന്ന് -അല്ലെങ്കില്‍ വാഗ്ദത്തവും നിവൃത്തിയും തമ്മില്‍ ഒരു നീണ്ട വിടവ് ഉണ്ടെന്ന കാര്യം - മാത്രം ദൈവം പറഞ്ഞില്ല. മുട്ടകള്‍പോലെ, പ്രാര്‍ത്ഥനകള്‍ പലപ്പോഴും ഉടനടി വിരിയാറില്ല, മറിച്ച് നമ്മുടെ ലോകത്തിനും നമ്മുടെ ജീവിതത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ അതിപ്രധാനമായ ഉദ്ദേശ്യങ്ങളില്‍ അവ അടവെച്ചിരിക്കുകയാണ്.